ഹോം · 66 പുസ്തകങ്ങൾ · ന്യായാധിപന്മാർ

പഴയനിയമം · ചരിത്രപുസ്തകങ്ങൾ · അധ്യായം 11 / 21

ന്യായാധിപന്മാർ 11

ന്യായാധിപന്മാർ 11, സത്യവേദപുസ്തകം (1910): മുഴുവൻ അധ്യായം, 40 വാക്യങ്ങൾ, പരസ്യങ്ങളില്ലാതെ, രജിസ്ട്രേഷനില്ലാതെ.

40വാക്യങ്ങൾ
11 / 21അധ്യായം
ന്യായാ 11സൂചന
പ.നി.പഴയനിയമം

ന്യായാധിപന്മാർ 11 — മുഴുവൻ പാഠം

സത്യവേദപുസ്തകം (1910), 40 വാക്യങ്ങൾ. ഒരു വാക്യത്തിലേക്കു നേരിട്ടു പോകാൻ അതിന്റെ നമ്പറിൽ ക്ലിക്ക് ചെയ്യുക.

  1. ന്യായാ 11:1

    ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ ജനകനോ ഗിലെയാദ് ആയിരുന്നു.

  2. ന്യായാ 11:2

    ഗിലെയാദിന്റെ ഭാര്യയും അവന്നു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാർ വളർന്നശേഷം അവർ യിഫ്താഹിനോടു: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞു അവനെ നീക്കിക്കളഞ്ഞു.

  3. ന്യായാ 11:3

    അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്നു അവനുമായി സഞ്ചരിച്ചു.

  4. ന്യായാ 11:4

    കുറെക്കാലം കഴിഞ്ഞിട്ടു അമ്മോന്യർ യിസ്രായേലിനോടു യുദ്ധംചെയ്തു.

  5. ന്യായാ 11:5

    അമ്മോന്യർ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാൻ ചെന്നു.

  6. ന്യായാ 11:6

    അവർ യിഫ്താഹിനോടു: അമ്മോന്യരോടു യുദ്ധം ചെയ്യേണ്ടതിന്നു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.

  7. ന്യായാ 11:7

    യിഫ്താഹ് ഗിലെയാദ്യരോടു: നിങ്ങൾ എന്നെ പകെച്ചു പിതൃഭവനത്തിൽ നിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയ സമയം എന്റെ അടുക്കൽ എന്തിന്നു വരുന്നു എന്നു പറഞ്ഞു.

  8. ന്യായാ 11:8

    ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു: നീ ഞങ്ങളോടുകൂടെ വന്നു അമ്മോന്യരോടു യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന്നു ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.

  9. ന്യായാ 11:9

    യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടു: അമ്മോന്യരോടു യുദ്ധംചെയ്‌വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ടു യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചാൽ നിങ്ങൾ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു.

  10. ന്യായാ 11:10

    ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു: യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു.

  11. ന്യായാ 11:11

    അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പയിൽവെച്ചു യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.

  12. ന്യായാ 11:12

    അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോടു യുദ്ധംചെയ്‌വാൻ എന്റെ ദേശത്തു വരേണ്ടതിന്നു എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു.

  13. ന്യായാ 11:13

    അമ്മോന്യരുടെ രാജാവു യിഫ്താഹിന്റെ ദൂതന്മാരോടു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ അവർ അർന്നോൻമുതൽ യബ്ബോക് വരെയും യോർദ്ദാൻ വരെയും ഉള്ള എന്റെ ദേശം അടക്കിയതുകൊണ്ടു തന്നേ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു.

  14. ന്യായാ 11:14

    യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു,

  15. ന്യായാ 11:15

    അവനോടു പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു;

  16. ന്യായാ 11:16

    യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ അടക്കീട്ടില്ല. യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടു മരുഭൂമിയിൽകൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി.

  17. ന്യായാ 11:17

    യിസ്രായേൽ എദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്റെ അടുക്കലും അവർ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു.

  18. ന്യായാ 11:18

    അവർ മരുഭൂമിയിൽകൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്റെ കിഴക്കു എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിർക്കകത്തു അവർ കടന്നില്ല.

  19. ന്യായാ 11:19

    പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നിന്റെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്കു കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു.

  20. ന്യായാ 11:20

    എങ്കിലും സീഹോൻ യിസ്രായേൽ തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.

  21. ന്യായാ 11:21

    യിസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേൽ ആ ദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി.

  22. ന്യായാ 11:22

    അർന്നോൻമുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ പിടിച്ചടക്കി.

  23. ന്യായാ 11:23

    യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാൻ പോകുന്നുവോ?

  24. ന്യായാ 11:24

    നിന്റെ ദേവനായ കെമോശ് നിനക്കു അവകാശമായി തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.

  25. ന്യായാ 11:25

    സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബ്‌രാജാവിനെക്കാളും നീ യോഗ്യനോ? അവൻ യിസ്രായേലിനോടു എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ?

  26. ന്യായാ 11:26

    യിസ്രായേൽ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാപട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാർത്തിരിക്കെ ആ കാലത്തിന്നിടയിൽ നിങ്ങൾ അവയെ ഒഴിപ്പിക്കാതിരുന്നതു എന്തു?

  27. ന്യായാ 11:27

    ആകയാൽ ഞാൻ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാൽ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നതു; ന്യായാധിപനായ യഹോവ ഇന്നു യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.

  28. ന്യായാ 11:28

    എന്നാൽ യിഫ്താഹ് പറഞ്ഞയച്ച വാക്കു അമ്മോന്യരുടെ രാജാവു കൂട്ടാക്കിയില്ല.

  29. ന്യായാ 11:29

    അപ്പോൾ യഹോവയുടെ ആത്മാവു യിഫ്താഹിൻമേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പയിൽ എത്തി ഗിലെയാദിലെ മിസ്പയിൽനിന്നു അമ്മോന്യരുടെ നേരെ ചെന്നു.

  30. ന്യായാ 11:30

    യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ

  31. ന്യായാ 11:31

    ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതില്ക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും.

  32. ന്യായാ 11:32

    ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധംചെയ്‌വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു.

  33. ന്യായാ 11:33

    അവൻ അവർക്കു അരോവേർമുതൽ മിന്നീത്ത്‌വരെയും ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.

  34. ന്യായാ 11:34

    എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല.

  35. ന്യായാ 11:35

    അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.

  36. ന്യായാ 11:36

    അവൾ അവനോടു: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു.

  37. ന്യായാ 11:37

    എന്നാൽ ഒരു കാര്യം എനിക്കു വേണ്ടിയിരുന്നു; ഞാൻ പർവ്വതങ്ങളിൽ ചെന്നു എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന്നു എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്നു അവൾ തന്റെ അപ്പനോടു പറഞ്ഞു.

  38. ന്യായാ 11:38

    അതിന്നു അവൻ: പോക എന്നു പറഞ്ഞു അവളെ രണ്ടു മാസത്തേക്കു അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവ്വതങ്ങളിൽ വിലാപംകഴിച്ചു.

  39. ന്യായാ 11:39

    രണ്ടു മാസം കഴിഞ്ഞിട്ടു അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല.

  40. ന്യായാ 11:40

    പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.

ന്യായാധിപന്മാർ: 21 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

അധ്യായം 11 — ന്യായാധിപന്മാർ എന്ന പുസ്തകത്തിലെ 21 അധ്യായങ്ങളിൽ ഒന്ന്; ആ പുസ്തകം സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 7-ാമത്തേത്. അധ്യായങ്ങൾ ക്രമത്തിൽ വായിക്കാം, അല്ലെങ്കിൽ 66 പുസ്തകങ്ങളിലും വാക്കുകൾ തിരയാം.