ഹോം · 66 പുസ്തകങ്ങൾ · ന്യായാധിപന്മാർ

പഴയനിയമം · ചരിത്രപുസ്തകങ്ങൾ · അധ്യായം 18 / 21

ന്യായാധിപന്മാർ 18

ന്യായാധിപന്മാർ 18, സത്യവേദപുസ്തകം (1910): മുഴുവൻ അധ്യായം, 31 വാക്യങ്ങൾ, പരസ്യങ്ങളില്ലാതെ, രജിസ്ട്രേഷനില്ലാതെ.

31വാക്യങ്ങൾ
18 / 21അധ്യായം
ന്യായാ 18സൂചന
പ.നി.പഴയനിയമം

ന്യായാധിപന്മാർ 18 — മുഴുവൻ പാഠം

സത്യവേദപുസ്തകം (1910), 31 വാക്യങ്ങൾ. ഒരു വാക്യത്തിലേക്കു നേരിട്ടു പോകാൻ അതിന്റെ നമ്പറിൽ ക്ലിക്ക് ചെയ്യുക.

  1. ന്യായാ 18:1

    അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻഗോത്രക്കാർ അക്കാലം തങ്ങൾക്കു കുടിപാർപ്പാൻ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്കു അന്നുവരെ അവകാശം സ്വാധീനമായ്‌വന്നിരുന്നില്ല.

  2. ന്യായാ 18:2

    അങ്ങനെയിരിക്കേ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്നു ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്നു കൂട്ടത്തിൽ പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ചു, അവരോടു: നിങ്ങൾ ചെന്നു ദേശം ശോധനചെയ്‌വിൻ എന്നു പറഞ്ഞു.

  3. ന്യായാ 18:3

    അവർ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി രാത്രി അവിടെ പാർത്തു. മീഖാവിന്റെ വീട്ടിന്നരികെ എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ടറിഞ്ഞു അവിടെ കയറിച്ചെന്നു അവനോടു: നിന്നെ ഇവിടെ കൊണ്ടുവന്നതു ആർ? നീ ഇവിടെ എന്തു ചെയ്യുന്നു? നിനക്കു ഇവിടെ എന്തു കിട്ടും എന്നു ചോദിച്ചു.

  4. ന്യായാ 18:4

    അവൻ അവരോടു: മീഖാവു എനിക്കു ഇന്നിന്നതു ചെയ്തിരിക്കുന്നു; അവൻ എന്നെ ശമ്പളത്തിന്നു നിർത്തി; ഞാൻ അവന്റെ പുരോഹിതൻ ആകുന്നു എന്നു പറഞ്ഞു.

  5. ന്യായാ 18:5

    അവർ അവനോടു: ഞങ്ങൾ പോകുന്ന യാത്ര ശുഭമാകുമോ എന്നു അറിയേണ്ടതിന്നു ദൈവത്തോടു ചോദിക്കേണം എന്നു പറഞ്ഞു.

  6. ന്യായാ 18:6

    പുരോഹിതൻ അവരോടു: സമാധാനത്തോടെ പോകുവിൻ; നിങ്ങൾ പോകുന്ന യാത്ര യഹോവെക്കു സമ്മതം തന്നേ എന്നു പറഞ്ഞു.

  7. ന്യായാ 18:7

    അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്കു ദോഷം ചെയ്‌വാൻ പ്രാപ്തിയുള്ളവൻ ദേശത്തു ആരുമില്ല; അവർ സീദോന്യർക്കു അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവർക്കു സംസർഗ്ഗവുമില്ല എന്നു കണ്ടു.

  8. ന്യായാ 18:8

    പിന്നെ അവർ സോരയിലും എസ്തായോലിലും തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാർ അവരോടു: നിങ്ങൾ എന്തു വർത്തമാനം കൊണ്ടുവരുന്നു എന്നു ചോദിച്ചു. അതിന്നു അവർ: എഴുന്നേല്പിൻ; നാം അവരുടെ നേരെ ചെല്ലുക;

  9. ന്യായാ 18:9

    ആ ദേശം ബഹുവിശേഷം എന്നു ഞങ്ങൾ കണ്ടിരിക്കുന്നു; നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു? ആ ദേശം കൈവശമാക്കേണ്ടതിന്നു പോകുവാൻ മടിക്കരുതു.

  10. ന്യായാ 18:10

    നിങ്ങൾ ചെല്ലുമ്പോൾ നിർഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അതു നിങ്ങളുടെ കയ്യിൽ തന്നിരിക്കുന്നു; അതു ഭൂമിയിലുള്ള യാതൊന്നിന്നും കുറവില്ലാത്ത സ്ഥലം തന്നേ എന്നു പറഞ്ഞു.

  11. ന്യായാ 18:11

    അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാൻഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു.

  12. ന്യായാ 18:12

    അവർ ചെന്നു യെഹൂദയിലെ കിര്യത്ത്-യയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെയും മഹനേ-ദാൻ എന്നു പേർ പറയുന്നു; അതു കിര്യത്ത്-യയാരീമിന്റെ പിൻവശത്തു ഇരിക്കുന്നു.

  13. ന്യായാ 18:13

    അവിടെനിന്നു അവർ എഫ്രയീംമലനാട്ടിലേക്കു ചെന്നു മീഖാവിന്റെ വീട്ടിന്നരികെ എത്തി.

  14. ന്യായാ 18:14

    അപ്പോൾ ലയീശ് ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന ആ അഞ്ചു പുരുഷന്മാരും തങ്ങളുടെ സഹോദരന്മാരോടു: ഈ വീടുകളിൽ ഒരു ഏഫോദും ഒരു ഗൃഹബിംബവും കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹവും ഉണ്ടു എന്നു അറിഞ്ഞുവോ? ആകയാൽ നിങ്ങൾ ചെയ്യേണ്ടതു എന്തെന്നു വിചാരിച്ചുകൊൾവിൻ.

  15. ന്യായാ 18:15

    അവർ അങ്ങോട്ടു തിരിഞ്ഞു മീഖാവിന്റെ വീട്ടിനോടു ചേർന്ന ലേവ്യയുവാവിന്റെ വീട്ടിൽ ചെന്നു അവനോടു കുശലം ചോദിച്ചു.

  16. ന്യായാ 18:16

    യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതില്ക്കൽ നിന്നു.

  17. ന്യായാ 18:17

    ദേശം ഒറ്റുനോക്കുവാൻ പോയിരുന്നവർ അഞ്ചുപേരും അകത്തുകടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കൽ നിന്നിരുന്നു.

  18. ന്യായാ 18:18

    ഇവർ മീഖാവിന്റെ വീട്ടിന്നകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തപ്പോൾ പുരോഹിതൻ അവരോടു: നിങ്ങൾ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.

  19. ന്യായാ 18:19

    അവർ അവനോടു: മിണ്ടരുതു; നിന്റെ വായ് പൊത്തി ഞങ്ങളോടു കൂടെ വന്നു ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്ക; ഒരുവന്റെ വീട്ടിന്നു മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിന്നും കുലത്തിന്നും പുരോഹിതനായിരിക്കുന്നതോ ഏതു നിനക്കു നല്ലതു എന്നു ചോദിച്ചു.

  20. ന്യായാ 18:20

    അപ്പോൾ പുരോഹിതന്റെ മനം തെളിഞ്ഞു; അവൻ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്തു പടജ്ജനത്തിന്റെ നടുവിൽ നടന്നു.

  21. ന്യായാ 18:21

    ഇങ്ങനെ അവർ പുറപ്പെട്ടു കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും സമ്പത്തുകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.

  22. ന്യായാ 18:22

    അവർ മീഖാവിന്റെ വീട്ടിൽനിന്നു കുറെ ദൂരത്തായപ്പേൾ മീഖാവിന്റെ വീട്ടിനോടു ചേർന്ന വീടുകളിലുള്ളവർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടർന്നു.

  23. ന്യായാ 18:23

    അവർ ദാന്യരെ കൂകിവിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി മീഖാവിനോടു: നീ ഇങ്ങനെ ആൾക്കൂട്ടത്തോടുകൂടെ വരുവാൻ എന്തു എന്നു ചോദിച്ചു.

  24. ന്യായാ 18:24

    ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ചു കൊണ്ടുപോകുന്നു; ഇനി എനിക്കു എന്തുള്ളു? നിനക്കു എന്തു എന്നു നിങ്ങൾ എന്നോടു ചോദിക്കുന്നതു എങ്ങനെ എന്നു അവൻ പറഞ്ഞു.

  25. ന്യായാ 18:25

    ദാന്യർ അവനോടു: നിന്റെ ഒച്ച ഇവിടെ കേൾക്കരുതു: അല്ലെങ്കിൽ ദ്വേഷ്യക്കാർ നിങ്ങളോടു കയർത്തിട്ടു നിന്റെ ജീവനും നിന്റെ വീട്ടുകാരുടെ ജീവനും നഷ്ടമാകുവാൻ നീ സംഗതിവരുത്തും എന്നു പറഞ്ഞു.

  26. ന്യായാ 18:26

    അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്കു പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവു കണ്ടു വീട്ടിലേക്കു മടങ്ങിപ്പോന്നു.

  27. ന്യായാ 18:27

    മീഖാവു തീർപ്പിച്ചവയെയും അവന്നു ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിർഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ചു ചുട്ടുകളഞ്ഞു.

  28. ന്യായാ 18:28

    അതു സീദോന്നു അകലെ ആയിരുന്നു; മറ്റു മനുഷ്യരുമായി അവർക്കു സംസർഗ്ഗം ഇല്ലായ്കയാൽ അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അതു ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു. അവർ പട്ടണം വീണ്ടും പണിതു അവിടെ കുടിപാർക്കയും

  29. ന്യായാ 18:29

    യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിൻ പ്രകാരം നഗരത്തിന്നു ദാൻ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേർ ആയിരുന്നു.

  30. ന്യായാ 18:30

    ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ മകനായ ഗേർശോമിന്റെ മകൻ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്കു പുരോഹിതന്മാരായിരുന്നു.

  31. ന്യായാ 18:31

    ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവു തീർപ്പിച്ച വിഗ്രഹം അവർ വെച്ചു പൂജിച്ചുപോന്നു.

ന്യായാധിപന്മാർ: 21 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

അധ്യായം 18 — ന്യായാധിപന്മാർ എന്ന പുസ്തകത്തിലെ 21 അധ്യായങ്ങളിൽ ഒന്ന്; ആ പുസ്തകം സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 7-ാമത്തേത്. അധ്യായങ്ങൾ ക്രമത്തിൽ വായിക്കാം, അല്ലെങ്കിൽ 66 പുസ്തകങ്ങളിലും വാക്കുകൾ തിരയാം.